+

ട്രംപിന്റെ അധിക തീരുവ ചുമത്തല്‍ ബാധിച്ചത് അമേരിക്കന്‍ കമ്പനികളേയും സാധാരണക്കാരേയും ; വിലക്കയറ്റം തിരിച്ചടിയാകുന്നു

അമേരിക്കന്‍ വിപണിയിലെ സാന്നിധ്യം നിലനിര്‍ത്താന്‍ വിദേശ രാജ്യങ്ങള്‍ അധിക തീരുവ സഹിക്കേണ്ടിവരുമെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. 

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ പുതിയ താരിഫ് വിദേശ രാജ്യങ്ങളുടെ കീശ കീറുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റ പ്രവചനം തെറ്റുന്നു. അധിക തീരുവയുടെ ഭാരം മുഴുവന്‍ ചുമക്കുന്നത് അമേരിക്കയിലെ കമ്പനികളും, സാധാരണ ഉപഭോക്താക്കളുമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്ന്. ഇത് രാജ്യത്തെ വിലക്കയറ്റം തടയാനുള്ള ഫെഡറല്‍ റിസര്‍വിന്റെ പോരാട്ടത്തിനും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ വിപണിയിലെ സാന്നിധ്യം നിലനിര്‍ത്താന്‍ വിദേശ രാജ്യങ്ങള്‍ അധിക തീരുവ സഹിക്കേണ്ടിവരുമെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. 

അധിക തീരുവയുടെ ഭാരം വഹിക്കുന്നത് അമേരിക്കന്‍ കമ്പനികള്‍ തന്നെയാണ്. അതിന്റെ ഒരു ഭാഗം, ഉപഭോക്താവിലേക്ക് എത്തുകയും ചെയ്യുന്നു. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസറായ ആല്‍ബെര്‍ട്ടോ കവല്ലോ നടത്തിയ പഠനത്തില്‍, ചെലവിന്റെ സിംഹഭാഗവും വഹിക്കുന്നത് യു.എസ്. കമ്പനികളാണ് എന്ന് വ്യക്തമാക്കുന്നു. ഇറക്കുമതി ചെയ്ത സാധനങ്ങളുടെ വിലയില്‍ ക്രമാനുഗതമായ വര്‍ദ്ധനവ് ഉണ്ടെന്നും, ഇത് വിലക്കയറ്റത്തിന് കാരണമാകുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രംപ് താരിഫ് ഏര്‍പ്പെടുത്താന്‍ തുടങ്ങിയ ശേഷം ഇറക്കുമതി ചെയ്ത സാധനങ്ങള്‍ക്ക് 4% വില വര്‍ദ്ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേ സമയം ആഭ്യന്തര ഉല്‍പ്പന്നങ്ങളുടെ വിലയില്‍ 2% വര്‍ദ്ധനവ് ആണ് ഉണ്ടായത്. കാപ്പി പോലുള്ള അമേരിക്കയില്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്തതോ, തുര്‍ക്കി പോലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നതോ ആയ ഉല്‍പ്പന്നങ്ങള്‍ക്കാണ് ഏറ്റവും വലിയ വിലക്കയറ്റം നേരിട്ടത്. എങ്കിലും, ഈ വില വര്‍ദ്ധനവ് താരിഫിന്റെ നിരക്കിനേക്കാള്‍ കുറവാണെന്നത് ശ്രദ്ധേയമാണ്. അതായത്, വില്‍പ്പനക്കാര്‍ ചെലവിന്റെ ഒരു ഭാഗം സ്വന്തമായി വഹിക്കുന്നുണ്ടെന്ന് സാരം. അമേരിക്കയിലേക്ക് കയറ്റുമതി നടത്തുന്ന വിദേശ ഉത്പാദകര്‍ അമേരിക്കന്‍ താരിഫിന്റെ ഭാരം കാര്യമായി വഹിക്കുന്നില്ലെന്ന് ഇത് വ്യകതമാക്കുന്നു. ഇന്ത്യ ,ചൈന, ജര്‍മ്മനി, മെക്സിക്കോ, തുര്‍ക്കി, തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന സാധനങ്ങളുടെ വിലയും വര്‍ദ്ധിച്ചിട്ടുണ്ട്.

facebook twitter