+

ബിജെപിയുടെ ആദിവാസി വിരുദ്ധ മനോഭാവത്തിന്റെ ഇര, കന്യാസ്ത്രീകള്‍ക്കൊപ്പം അറസ്റ്റിലാകുകയും ജയില്‍ മോചിതനാകുകയും ചെയ്ത ആദിവാസി യുവാവിനൊപ്പമുള്ള ചിത്രവുമായി എംഎ റഹീം

ദുര്‍ബലരെ ചേര്‍ത്തു നിര്‍ത്തുന്ന ഇടതുപക്ഷം

കന്യാസ്ത്രീകള്‍ക്കൊപ്പം അറസ്റ്റിലാകുകയും ജയില്‍ മോചിതനാകുകയും ചെയ്ത ആദിവാസി യുവാവ് സുഖ്മായ് മാണ്ഡവിയെ ചേര്‍ത്തുനിര്‍ത്തിയ ഇടത് എംപിമാരുടെ ചിത്രം പങ്കുവെച്ച് എ എ റഹീം എംപി. ജോണ്‍ ബ്രിട്ടാസ്, പി പി സുനീര്‍, ജോസ് കെ മാണി എന്നിവര്‍ക്കൊപ്പം സുഖ്മായ് നില്‍ക്കുന്ന ചിത്രമാണ് എ എ റഹീം പങ്കുവെച്ചത്. ഇന്നത്തെ ഏറ്റവും ഹൃദ്യമായ ചിത്രങ്ങളില്‍ ഒന്ന് എന്നു പറഞ്ഞുകൊണ്ടാണ് റഹീം എംപി ചിത്രം പങ്കുവെച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ സംസാരിക്കുന്നത് ബിജെപിയുടെ ക്രൈസ്തവ വിരുദ്ധതയെ കുറിച്ചാണെന്നും എന്നാല്‍ ബിജെപിയുടെ ആദിവാസി വിരുദ്ധ മനോഭാവത്തിന്റെ ഇരകൂടിയാണ് ഈ ചെറുപ്പക്കാരനെന്നും എ എ റഹീം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്നത്തെ ഏറ്റവും ഹൃദ്യമായ ചിത്രങ്ങളില്‍ ഒന്നാണിത്.

ഇടതുപക്ഷ എംപിമാര്‍ ചേര്‍ത്തു നിര്‍ത്തിയിരിക്കുന്ന ഈ ചെറുപ്പക്കാരന്‍ സുഖ്മായ് മാണ്ഡവി, വയസ്സ് 19. ഛത്തീസ്ഗഡ് നാരായണ്‍പൂര്‍ സ്വദേശിയായ ആദിവാസി യുവാവ്. ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വെച്ച് സംഘപരിവാറുകാര്‍ ആള്‍ക്കൂട്ടവിചാരണ നടത്തി ക്രൂരമായി തല്ലിയത് ഈ പാവത്തിനെയാണ്.


ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശനത്തിനിടയില്‍ സിസ്റ്റര്‍ വന്ദനയും, പ്രീതി മേരിയും ഈ ചെറുപ്പക്കാരന്‍ നേരിട്ട ക്രൂരമായ അക്രമണവും അവഹേളനവും ഞങ്ങളോട് വിശദീകരിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിലും ബജ്റംഗ്ദള്‍ ക്രിമിനലുകള്‍ സുഖ്മായിയെ ആക്രമിച്ചു. അന്ന് ഞങ്ങള്‍ സുഖ്മായിയെ പാര്‍പ്പിച്ചിരുന്ന പുരുഷന്മാരുടെ ജയിലില്‍ അയാളെ സന്ദര്‍ശിച്ചു. (ഞങ്ങളുടെ ഇടതു പ്രതിനിധി സംഘമാണ് സുഖ്മായിയെ ആദ്യമായി സന്ദര്‍ശിക്കുന്നത്, അതിന് ശേഷവും മറ്റു പ്രതിനിധി സംഘങ്ങള്‍ സന്ദര്‍ശിച്ചതായി അറിയില്ല). ജയിലില്‍ വച്ചു സുഖ്മായ് ഞങ്ങളോട് മനസ് തുറന്നു. പൊലീസ് പറയുന്നത് പച്ചക്കള്ളമാണ്. മൂന്ന് പെണ്‍കുട്ടികളും രക്ഷകര്‍ത്താക്കളുടെ അനുമതിയോടെ തന്നെയാണ് കന്യാസ്ത്രീകള്‍ക്കൊപ്പം വന്നത്. നല്ല ആത്മവിശ്വാസമുള്ള സുഖ്മായിയെയാണ് ഞങ്ങള്‍ക്ക് പരിചയപ്പെടാന്‍ കഴിഞ്ഞത്. ഇന്ന് നിരപരാധിയായ ഈ ചെറുപ്പക്കാരന്‍ ജയില്‍മോചിതനാകുമ്പോള്‍ വലിയ സന്തോഷമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ സംസാരിക്കുന്നത് ബിജെപിയുടെ ക്രൈസ്തവ വിരുദ്ധതയെ കുറിച്ചാണ്, എന്നാല്‍ ബിജെപിയുടെ ആദിവാസി വിരുദ്ധ മനോഭാവത്തിന്റെ ഇരകൂടിയാണ് ഈ ചെറുപ്പക്കാരന്‍. ദുര്‍ബലരെ ചേര്‍ത്തു നിര്‍ത്തുന്ന ഇടതുപക്ഷം

facebook twitter